തങ്ങൾ അബദ്ധത്തിലാണ് സമുദ്രാതിർത്തി കടന്നതെന്ന് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മോചിപ്പിക്കാനുള്ള ഇടപെടലുകൾ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും തൊഴിലാളികൾ അഭ്യർഥിച്ചു. ബുധനാഴ്ച്ചയാണ് രണ്ട് മലയാളികളുള്‍പ്പടെ ഇന്ത്യക്കാരായ 58 മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആഫ്രിക്കയിൽ അറസ്റ്റിലായത്.
വിഴിഞ്ഞം സ്വദേശികളായ രണ്ടു പേരാണ് സംഘത്തിലെ മലയാളികൾ. കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവർ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഘത്തെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സീഷെൽസ് പൊലീസ് വ്യക്തമാക്കി.