മലപ്പുറം: മഞ്ചേരിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഹാജിയാർപള്ളി മച്ചിങ്ങൽ മുഹമ്മദ് ഹിഷാം (21) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. 2021 ഡിസംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടിയെ യുവാവ് പ്രണയം നടിച്ച് വശീകരിക്കുകയും ബൈക്കിൽ കയറ്റി ബീച്ചിലും മറ്റും കൊണ്ടു പോവുകയും ചെയ്തിരുന്നു.
കുട്ടിയുമായി അടുപ്പത്തിലായ പ്രതി പിന്നീട് പ്രണയം നടിച്ച് പലയിടത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയെ തുടർന്ന് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നിർദേശ പ്രകാരം എസ്ഐ ഖമറുസമാൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ വി.സി കൃഷ്ണനാണ് കേസന്വേഷിക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങളിൽ ജില്ലയും മുന്നിൽ. ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. പീഡനത്തിൽ പരാതി നൽകാൻ സ്ത്രീകൾ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നത് മലപ്പുറം ജില്ലയെ ആശങ്കപ്പെടുത്തുന്നു. കൊണ്ടോട്ടിയിൽ പഠന ആവശ്യത്തിനായി പോവുകയായിരുന്ന 21കാരിയാണ് അതിക്രമത്തിന് ഇരയായിരുന്നു. വിദ്യാർത്ഥിനിയെ പട്ടാപ്പകൽ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി നാട്ടുകാരനായ 15 വയസുകാരൻ ആണെന്ന് അറിയുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം കൂടുതൽ ഏറുന്നത്.