തിരുവനന്തപുരം:കെ റെയിൽ പദ്ധതിക്കെതിരെ ഇന്നും പ്രതിഷേധം ശക്തം. ഭൂമി നഷ്ടമാകുന്ന ജനങ്ങൾക്കൊപ്പം പ്രതിപക്ഷവും അതിര് കല്ലിടലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ്. എന്നാൽ പ്രതിഷേധങ്ങൾ തെരുവിൽ ഇറങ്ങിയിട്ട് പോലും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി.
കെ റെയിൽ കല്ലിടലിനെതിരെ വീട്ടമ്മമാരടക്കം രംഗത്തിറങ്ങിയതോടെ സമാനതകളില്ലാത്ത സമരത്തിലേക്കാണ് കേരളം പോകുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചതിന് സമാനമായ രംഗങ്ങളാണ് മലപ്പുറത്തുമുണ്ടായത്. സ്ത്രീകളടക്കം കല്ലുകൾ പിഴുതുമാറ്റി. തിരൂര്‍ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങൾ പ്രതിഷേധിച്ചു. പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ വെങ്ങാനൂര്‍ ജുമാ മസ്ജിദിന്റെ പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കി. പള്ളി പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും പൊലീസ് സഹായത്തോടെ വീടുകളുടെ പറമ്പില്‍ കല്ലിടുന്നത് തുടർന്നു. പക്ഷെ ഈ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിയുന്ന അവസ്ഥ ഉണ്ടായി.