തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആളൊഴിഞ്ഞ ഒരു പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ റിയാസിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
എറിയാട് കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം തുണിക്കട നടത്തുകയായിരുന്നു കൊല്ലപ്പെട്ട റിൻസി. ജോലി കഴിഞ്ഞ് ഏഴരയ്ക്ക് കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവേയാണ് റിന്‍സിയെ റിയാസ് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനും ഉള്‍പ്പെടെ 30 ലേറെ വെട്ടുകളാണ് റിന്‍സിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ റിൻസി ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.