ഇടുക്കി : സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും മകൻ തന്നെ നോക്കാത്തതാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ചുട്ടുകൊലപ്പെടുത്തിയ ഹമീദ് പൊലീസിന് നൽകിയ മൊഴി. തന്റെ സ്വത്തുക്കളെല്ലാം രണ്ട് ആൺ മക്കൾക്കും നേരത്തെ വീതിച്ചു നൽകിയിരുന്നുവെന്നും സ്വത്ത് കിട്ടിയ ശേഷം ഇവർ തന്നെ നേരെ നോക്കിയില്ലെന്നുമാണ് ഹമീദ് ആരോപണം ഉയർത്തുന്നത്.
തറവാട് വീടും അതിനോട് ചേർന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. തന്നെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥ
യിലാണ് തറവാട് വീടും പറമ്പും ഫൈസലിന് നൽകിയത്. പക്ഷെ ഫൈസൽ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇന്നലെ രാവിലെ ഹമീദും മകനും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലീസും വ്യക്തമാക്കി.
എന്നാൽ ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നതെന്നും തിരിച്ചു വന്നതിനുശേഷം രണ്ട് ആൺമക്കളുമായും ഇയാൾ നിരന്തരം പ്രശ്നം ഉണ്ടാക്കിയിരുന്നുവെന്നും അയൽവാസികൾ വെളിപ്പെടുത്തുന്നു.