യുക്രെയിനിലെ ലിവീവിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. യുദ്ധം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് വകവയ്ക്കാതെയാണ് റഷ്യയുടെ ആക്രമണം.പോളിഷ് അതിർത്തിയിൽ നിന്നുള്ള 70 കിലോമീറ്റർ അകലെയുള്ള ലിവീവിലെ വിമാനത്താവളത്തിന് സമീപം ഇന്നലെ രാവിലെ റഷ്യൻ മിസൈൽ ആക്രമണം നടന്നു. വിമാനത്താവളത്തിന് അപകടം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ലിവീവിലെ എയർക്രാഫ്റ്റ് റിപ്പെയർ പ്ലാന്റാണ് റഷ്യയുടെ മിസൈൽ ആക്രമണത്തിൽ തകർന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.കരിങ്കടലിന്റെ ദിശയിൽ നിന്നാണ് റഷ്യൻ ക്രൂസ് മിസൈലുകൾ ലിവീവിലെ എയർക്രാഫ്റ്റ് റിപ്പെയർ പ്ലാന്റിനെ ലക്ഷ്യമാക്കിയെത്തിയത്. കെഎച്ച് – 555 വിഭാഗത്തിൽപ്പെട്ടവയാണ് ഈ മിസൈലുകളെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ച ലിവീവിൽ സൈനിക താവളത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു.