മതനിരാസവും മതവർഗീയതയും കൂടി കമന്റ് ബോക്സുകളിൽ ഇസ്ലാമിനെ അവഹേളിക്കാനുള്ള കാത്തിരിപ്പിനിടയിലെ ഒരു കമന്റ് ഇതായിരുന്നു… “ഈ വേഷം അവർക്കിഷ്ടമാകുന്നതിന് കാരണം താലിബാന്റെ വേഷമായത് കൊണ്ടാണ്…!”ഹിജാബിയൻ പ്രശ്നങ്ങൾ ഇന്ത്യയിൽ അലകൾ തീർക്കുകയും അന്താരാഷ്ട്ര പത്രമാധ്യമങ്ങൾ അവയുടെ വർഗീയ ശബ്ദത്തെ ഗൗരവപൂർവ്വം റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഈ സാഹചര്യത്തിലും ഇഷ്ടമുള്ളത് ധരിക്കാൻ ഒരു പൗരന് സ്വാതന്ത്ര്യം നൽകുന്ന ഇന്ത്യയിൽ ഹിജാബ് നിരോധനവും യൂണിഫോമിനെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കിയുമുള്ള ഉത്തരവ് ശരിവെച്ചിരിക്കുകയാണ് കർണാടക ഹൈകോടതി.ഉഡുപ്പിയിലെ ഗവണ്മെന്റ് ഗേള്സ് പി യു കോളജില് ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്ഥികൾക്ക് ക്ലാസ്സിലേക്കുള്ള പ്രവേശനം നിഷേധിചച്ച് വിദ്യാഭ്യാസ ലംഘനം നടത്തിയതിന്റെ തുടർച്ച എന്നോണമാണ് ഈ പ്രശ്നം,ഹൈകോടതിയിലെത്തിയത്. ഇതിനെതിരെ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള വിശാലബെഞ്ചിന്റെ ഇപ്പോഴത്തെ വിധി.
ഇരവാദം അർഹിക്കുന്നത് അസഹിഷ്ണുതയല്ല, അവകാശമാണ്
ഭരണഘടനയുടെ എസൻഷ്യൽ റിലീജിയസ് പ്രാക്ടീസസ് ടെസ്റ്റ് ആർട്ടിക്കിൾ 25 (1) അനുശാസിക്കുന്നത് പ്രകാരം മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യതിന് നേരെ ജനാധിപത്യപരവും ഭരണഘടനാധിഷ്ഠിതവുമായ ഇന്ത്യ ‘സുരക്ഷിതമായി’ മൗനം പാലിച്ചതന്റെയും ‘പ്രായോഗികമായി’ ശാക്തീകരിച്ചതിന്റെയും പ്രതിരൂപങ്ങളെ മുസ്ലിം സമൂഹം എങ്ങനെയാണ് വായിക്കേണ്ടത് എന്നറിഞ്ഞാൽ അൽപം ആശ്വാസ്യകരമായിരുന്നു. ഹിജാബ് മതപരമായ അനിവാര്യതയല്ലെന്ന് മനസ്സിലാക്കിയാണ് ഈ വിധിന്യായം എന്നാണ് കോടതിയുടെ വാദം. എന്നാൽ മതപരമായ തീരുമാനങ്ങളെടുക്കാൻ മതപാണ്ഡിത്യത്തെ നിയമിച്ചതായോ അന്വേഷിച്ചതായോ അറിവില്ല. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതിനെ തുടർന്ന് ജീവിക്കാനുമുള്ള അവകാശം എന്ന നിലക്ക് ഹരജി സമർപ്പിച്ചതിന് മതപരമായ അനിവാര്യതയെ നിഷേധിച്ച് മറുപടി പറഞ്ഞതും ശരിയല്ല. ഇരുപത്തിയഞ്ചാം അനുച്ഛേദത്തിലെ പൗര സംരക്ഷണം ഈ വിഷയത്തിൽ ലഭിക്കില്ലെന്ന് പറഞ്ഞതിന്റെ അന്തരാർത്ഥം മനസ്സിലായില്ലെന്ന് മാത്രമല്ല യൂണിഫോം നിയന്ത്രണം ന്യായമായ നിയന്ത്രണമാണെങ്കിൽ അത് വൈവിധ്യ ഇന്ത്യയുടെ സംസ്കാരങ്ങളെയും വികാരങ്ങളെയും ഉൾക്കൊണ്ടുകൊണ്ടാവേണ്ടതല്ലേ? വിശുദ്ധ ഖുർആൻ,സ്വഹീഹായ ഹദീസുകൾ,ഖിയാസ്, പണ്ഡിതന്മാരുടെ ഏകോപനം തുടങ്ങിയ ഇസ്ലാമിക വിധികളുടെ ആധാരശിലകൾ ഏകോപിച്ചു പ്രതിപാദിക്കും പ്രകാരം ശിരോവസ്ത്രം ഇസ്ലാമിലെ അനിവാര്യതയാണ്. ഇക്കാര്യത്തിൽ പണ്ഡിതന്മാരുടെ ഇടയിൽ ഒരെതിരഭിപ്രായവും ഇല്ല താനും, മാത്രവുമല്ല ഇത് മതത്തിന്റെ മാത്രം അനിവാര്യതയല്ല, ഇന്ത്യയുടെ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും വൈവിധ്യത്തിന്റെയും ചേർന്നുള്ള സംഘടിത താല്പര്യം കൂടിയാണ്.
തല മറക്കാത്തതിന് തല കൊയ്യാൻ പഠിപ്പിക്കുന്ന ഭീകരവാദമാണ് ഇസ്ലാം എന്ന് വാദിച്ചു കൊണ്ടിരുന്ന ഹിന്ദുത്വവാദികൾ ഇന്ന് നിങ്ങൾ തല മറച്ച് കലാലയത്തിൽ പഠിക്കില്ല എന്ന വർഗ്ഗീയവാദം മുഴക്കുന്ന ഇന്ത്യൻ അവസ്ഥ സമാഗതമായിരിക്കുന്നു. പർദ്ദയും ഹിജാബും അവകാശ ധ്വംസനമാണ് അത് സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്നു, സ്ത്രീപീഡനങ്ങളെ മറച്ചുവെക്കുന്നു തുടങ്ങിയ ക്ലീശേ കമന്റുകൾക്ക് ചുട്ട മറുപടി നൽകി കൊണ്ടിരിക്കുകയാണ് കർണാടകയിലെ മുസ്ലിം പെൺകുട്ടികൾ.
കാവിപ്പടയ്ക്കു മുമ്പിൽ മുദ്രാവാക്യം വിളിക്കുന്ന ഹിജാബ് ധാരിണിയായ ബി ബി മുസ്കാൻ ഖാന്റെ ചിത്രമാണ് ഇന്നത്തെ ഹിജാബിയൻ മുഖമുദ്ര .മുസ്ലിം സ്ത്രീയുടെ വേഷം, വിശിഷ്യ പർദ്ദ, ഹിജാബ് തുടങ്ങിയ വിഷയങ്ങൾ വിദ്വേഷം കൊണ്ട് വഴറ്റിയെടുത്ത് എരിതീയിലെണ്ണയൊഴിക്കാൻ പൊതുബോധത്തിന് പൊതുവെതന്നെ വലിയ പ്രിയമുള്ള കാര്യമാണ്. ഹിജാബിന്റെ വിവക്ഷകളെ പുരുഷാധിപത്യം, അപരിഷ്കൃതം, ഭീകരവാദം എന്നവയോട് കണ്ണിചേർത്ത് നിർമിച്ചുണ്ടാക്കുന്ന നിലനിൽക്കുന്ന ഉപരിപ്ലവചിന്തകൾക്ക് തക്ക മറുവാദമുയർത്തിയാണ് ഇന്ത്യയിലെ ഇന്നത്തെ ഹിജാബിയൻ സാഹചര്യങ്ങൾ അതിന്റെ ആനുകാലികതയെ പ്രസക്തമാക്കുന്നത്. ധാർമികതയും മതവിശാലതയും സ്ത്രീസുരക്ഷയും ശാക്തീകരണവും ഉൾചേർന്ന അതിന്റെ യാഥാർഥ്യ വശത്തിന്റെ സാധ്യതയെ പോലും നിരാകരിക്കുന്ന വിമർശനങ്ങളായിരുന്നു മുസ്ലിം സമൂഹം ഇത്രയും കാലം നേരിട്ടുകൊണ്ടിരുന്നത്. എന്നാൽ ഈയൊരവസരത്തിലാകട്ടെ ഹിജാബ് അവകാശരാഷ്ട്രീയത്തിന്റെയും മതേതര വ്യക്തിത്വത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.
ദൃഷ്ടാന്തങ്ങളുടെ നാനാർത്ഥങ്ങൾ
കാലങ്ങളായി യൂണിഫോമിന് പ്രാപ്യമായിരുന്ന ഹിജാബെങ്ങനെയാണ് ഒരു വിശേഷ സാഹചര്യത്തിൽ ചൊറിപിടിപ്പിക്കുന്നതായി മാറിയത് ? ഇത് വരെ ആവശ്യം പോലുമല്ലാതിരുന്ന കാവിവസ്ത്രധാരണാവാദം എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ അവശ്യമായി മാറിയത്? ഇതിനു പിന്നിലെ ഉദ്ദേശശുദ്ധി എത്ര കണ്ട് ഫാഷിസ്റ് അജണ്ടകളിൽ നിന്നും വിമുക്തമാണ് എന്നതവ്യക്തമാണ്. മുസ്ലിം പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം തടയുക, ഭിന്നിപ്പിച്ച് ഭരിക്കൽ നയത്തിന്റെ വിഷവിത്തുകളെ വിദ്യാഭ്യാസ വിളനിലങ്ങളിൽ തന്നെ പാകുക തുടങ്ങി വ്യക്തമായ നിർദേശങ്ങൾക്ക് പുറത്താണീ പരിഷ്കരണങ്ങളെന്നു ഈ സാഹചര്യത്തിൽ പറയാതെ വയ്യ.കാരണമെന്തെന്നാൽ എന്തുകൊണ്ട് മുസ്ലിംകൾ മാത്രം ഇരയാക്കപ്പെടുന്നു എന്നതിന്റെ പരിചിന്തന യുക്തിയിൽ നിന്നും മനസ്സിലാക്കാവുന്ന ഘടനകളാണിവയെല്ലാം എന്നത് കൊണ്ടുതന്നെ.
ശശി തരൂർ ട്വീറ്റ് ചെയ്തത് പോലെ ഇന്ത്യൻ സേനയിൽ സിഖ് മതസ്ഥർക്ക് അവരുടെ മാതാചാരപ്രകാരമുള്ള തലപ്പാവ് ധരിക്കുന്നതിനോ കന്യാസ്ത്രീകൾക്ക് അവരുടെ മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കുന്നതിനോ ഹിന്ദു മതവിഭാഗം പൊട്ട് തൊടുന്നതിനോ രാഷ്ട്രീയ നേതാക്കൾ കാവി ധരിക്കുന്നതിനോ അയ്യപ്പഭക്തർ കറുത്ത വസ്ത്രം ധരിക്കുന്നതിനോ യാതൊരു വിലക്കുമില്ലാത്ത ശുഭസമയത്ത് ഹിജാബിനെ മാത്രം ഹൈജാക്ക് ചെയ്യുന്നതിന്റെ അശുഭയുക്തി സമാന്യബോധത്തിന് മനസ്സിലാകുന്നതേയുള്ളൂ. കാരണം യൂണിഫോമിനെ കാര്യത്തിൽ മുസ്ലീങ്ങൾക്കെതിരിൽ മാത്രം വിരൽചൂണ്ടുന്ന ഹിജാബ് വിധിയുടെ തൊട്ടു തലേന്ന് ആയിരുന്നു രാജ്യത്തെ വിമാനത്താവളങ്ങളിൽ സിഖ് മത വിശ്വാസികൾക്ക് അവരുടെ കൃപാൺ (വാൾ ) ധരിച്ച് പ്രവേശിക്കാം എന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
ഹൈക്കോടതിയും സുപ്രീംകോടതിയും കൈകാര്യം ചെയ്ത സമാനമായ കേസുകളിൽ രണ്ടുതവണയും ഹിജാബ് ധരിച്ച കുട്ടികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയിരുന്നു. തദവസരത്തിൽ പ്രസ്തുത വസ്ത്രധാരണം അക്രമപരമോ, ധാർമികതക്കോ ആരോഗ്യത്തിനോ ഭംഗം വരുത്തുന്നതല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന മറ്റു മൗലികാവകാശങ്ങളെ തടസ്സപ്പെടുത്തുന്നതില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.ഇന്ത്യ ഒരു മതേതരവും വൈവിധ്യവുമാർന്ന രാജ്യമെന്ന നിലയിൽ ഒരു പ്രത്യേകവസ്ത്രം ധരിച്ചു എന്ന പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് ഒരിക്കലും സ്വീകരിക്കാവതല്ല. മാത്രവുമല്ല അത് അനുവദിച്ചു നൽകണമെന്നത് ജനാധിപത്യ സാമൂഹിക കരാറിന്റെ ഭാഗവുമാണ് താനും.എന്നിട്ടും സ്വന്തവും സുരക്ഷിതവുമായ വസ്ത്രം ധരിച്ചു കൊണ്ട് വിദ്യ നേടുന്നതിൽ പ്രകോപിതരാകുന്നതാരാണ്??
ഹിജാബിന്റെ വിമോചനതലങ്ങൾ
പാശ്ചാത്യൻ വാർപ്പുമാതൃകകളുടെ ലളിതവൽക്കരണം (അപായമായവൽക്കരണം) വിമോചന സിദ്ധാന്തത്തിന്റെ വേരായി കാണുന്നത് കൊണ്ടാണ് മുസ്ലിമ വസ്ത്രധാരണം ആഗോള സമൂഹത്തിന് അപരിഷ്കൃതവും മതസങ്കുചിതവുമായി അനുഭവപ്പെടാൻ കാരണം .നഗ്നമായ വസ്ത്രം മാത്രമാണ് വ്യക്തിസ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന മിഥ്യ ധാരണ ആധുനിക സമൂഹത്തിൽ അച്ചിട്ടുവാർത്തിട്ടുണ്ട്.നായ മനുഷ്യരെ കടിക്കും എന്നുണ്ടെങ്കിൽ നമ്മൾ കെട്ടിയിടാറ് നായയെ ആണ് മനുഷ്യരെയല്ല, അതിനാൽ മറക്കേണ്ടത് പുരുഷ കണ്ണുകളെയാണ് എന്നൊരിക്കൽ കാരശ്ശേരി പറഞ്ഞിരുന്നു, മുഖം മൂടുന്ന പർദ്ദയെ കൊണ്ടുണ്ടാകുന്ന ഗതികേടിനെ പറ്റി വാതോരാതെ സംസാരിക്കുന്ന ഇദ്ദേഹത്തിന് പിടക്കോഴി കൂവാൻ തുടങ്ങിയതിന്റെ തത്സമയസംപ്രേഷണം എത്തിയില്ലേ ആവോ??
ഹിജാബിന്റെ വിമോചിതവും ശാക്തീകൃതവുമായ ഒരനുഭവത്തെ കാതെറിൻ ബുള്ളക് എന്ന കനേഡിയൻ എഴുത്തുകാരി തന്റെ റിതിങ്ക് മുസ്ലിം വുമൺ ആൻഡ് വെയിൽ എന്ന കൃതിയിൽ വിവരിക്കുന്നുണ്ട് അതിൽ ഒരു കനേഡിയൻ പത്രപ്രവർത്തക ഹിജാബിന്റെ വിവക്ഷയെ മനോഹരമാക്കുന്നതായി കാണാം.അവർ പറയുന്നു : ശരീരം തന്റെ സ്വകാര്യ വിഷയമാണെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീയാണ് താൻ എന്നതിന്റെ അർത്ഥമാണ് ഹിജാബ്. സ്വശരീരത്തിന്റെ മേൽ തങ്ങൾക്കുള്ള പരമാധികാരം തിരിച്ചു നൽകുക എന്ന പൊരുളിനെ പുനർവ്യാഖ്യാനിച്ച് കൊണ്ട് മുസ്ലിം യുവതികൾ അതിനെ വീണ്ടെടുക്കുകയാണ്.” ഹിജാബിന്റെ യുക്തിഭദ്രവും സുരക്ഷാനുപേക്ഷണീയവുമായ ഭൗതിക തലത്തെ ഉൾകൊള്ളുന്നവരാണ് ബൗദ്ധിക സമുദായത്തിലെ മിക്കവരും. അതുകൊണ്ട് തന്നെ മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഹിജാബ് ഒരവകാശവും വിമോചനവുമാണ്.
എങ്കിലും അവകാശവാദങ്ങളും സ്വാതന്ത്ര്യവാദങ്ങളും ഇഛേഷ്ടം വിഹരിക്കുന്ന ഈ സ്ഥിതിവിശേഷത്തിൽ മതസ്വാതന്ത്ര്യത്തിനെ ഹനിക്കുന്ന നിയമങ്ങൾ ഭരണഘടനാപരമായി തന്നെ എതിർക്കപ്പെടേണ്ടതുണ്ട്. മറിച്ച് മതപ്രീണിതമായ നടപടികൾ മുന്നോട്ട് വച്ച് ഇസ്ലാമിന്റെ ഇന്ത്യൻ സാഹചര്യങ്ങളെ അടിച്ചമർത്താനാണ് ഉദ്ദേശമെങ്കിൽ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു വലിയ പൗരസമൂഹം വെറുതെയിരിക്കും എന്ന പ്രതീക്ഷ തീർച്ചയായും വെറുതെയാണ്… ജയ് ഹിന്ദ്!
ഫൗസിയ കെ.പി.
വിദ്യാർത്ഥിനി, ദാറുൽ അൻവർ ഇസ്ലാമിക് & ആർട്സ് കോളേജ് ഫോർ വുമൺ, പള്ളിപ്പുറം