ചണ്ഡിഗഢ്: പഞ്ചാബിൽ പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.10 മന്ത്രിമാരാണ് ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. പഞ്ചാബിൽ മുഖ്യമന്ത്രി ഉൾപ്പെടെ 18 മന്ത്രിസ്ഥാനങ്ങളാണുള്ളത്.കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന ഹർപാൽ സിങ് ചീമ, ഗുർമീത് സിങ് മീത് ഹയർ, ഡോ. ബൽജീത് കൗർ, എസ്. ഹർബജൻ സിങ്, ഡോ. വിജയ് സിംഗ്ല, ലാൽ ചന്ദ് ഉൾപ്പെടെയുള്ളവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
അതിനുശേഷം സെക്രട്ടേറിയറ്റിലെത്തുന്ന മന്ത്രിമാർ ഉച്ചക്ക് 12.30ന് ഭഗവന്ത് മാനിന്റെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭ യോഗം ചേരും. 117 അംഗ നിയമസഭയിൽ 92 സീറ്റിന്റെ വൻഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്.