തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളിൽ പേരാടുന്ന സ്ത്രീകൾക്ക് ആശംസകൾ നേർന്ന് നടി ഭാവന. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഭാവന പറഞ്ഞു.
“അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവസരം നല്കിയ രഞ്ജിത്തിനും ബീന ചേച്ചിക്കും നന്ദി. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, ലിസയെ പോലെ പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും എന്റെ എല്ലാ വിധ ആശംസകളും.”- ഭാവന പറഞ്ഞു.
ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. ‘ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന മേഖലയാണ് സിനിമ. പ്രിയപ്പെട്ട ഭാവന, ഞാന്‍ അഭിമാനത്തോടെ പറയുന്നു, നിങ്ങള്‍ കേരളത്തിന്റെ റോള്‍ മോഡലാണ്.
കേരളത്തിന്റെ മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണ്. സിനിമാ രംഗത്തും സീരിയല്‍ രംഗത്തും എല്ലാ മേഖലകളിലും സ്ത്രീ സുരക്ഷിത്വം ഉറപ്പുവരുത്താന്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്ലൊരു നിയമം സ്ത്രീസമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.’-മന്ത്രി പറഞ്ഞു.
ഐഎസ് ആക്രമണത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാൻ, മേളയുടെ ഉദ്ഘാടന ചിത്രമായ ‘രഹാന’യിലെ അഭിനയത്തിന് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശ് നടി അസ്മരി ഹഖ്, പ്രമുഖ സംവിധായകൻ അനുരാഗ് കശ്യപ് എന്നിവർക്കൊപ്പം അതിഥിയായാണ് ഭാവന ചടങ്ങിന് എത്തിയത്.
ചലച്ചിത്രമേള വേദിയിൽ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങിൽ അവർ പങ്കെടുക്കുന്ന വിവരം നേരത്തേ പുറത്തുവിട്ടിരുന്നില്ല. ചലച്ചിത്ര അക്കാദമി ചെയർമാനും മേളയുടെ ഡയറക്ടറുമായ രഞ്ജിത് അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുമ്പോൾ മാത്രമാണ് ഇക്കാര്യം പുറത്തായത്. പോരാട്ടത്തിന്റെ പെൺപ്രതീകമാണെന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്.
ഭാവനയുടെ പേര് കേട്ടതോടെ സദസ്സ് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും വിഖ്യാത സംവിധായകനുമായ ഷാജി എൻ. കരുൺ ഭാവനയ്ക്ക് പൂക്കൾ നൽകി വേദിയിലേക്ക് സ്വീകരിച്ചു. വേദിയിലെത്തിയ താരത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് ബീനാ പോൾ സന്തോഷപ്രകടനം നടത്തിയത്.