തിരുവനന്തപുരം: 26ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ അതിഥിയായി നടി ഭാവന. ദ്ഘാടന ചടങ്ങിന്റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്.
പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണ് ഭാവനയെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത് പ്രതികരിച്ചു.
കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു. വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ സ്വീകരിച്ചത്.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര് ആനില്‍, മേയര്‍ ആര്യ രാജേന്ദ്രന്, അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എൻ കരുണ്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേം കുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പ്രമുഖ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തരമേള അതിന്റെ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുമ്പോള്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരുമാണ് സാന്നിധ്യമറിയിക്കുന്നത്. വര്‍ഷങ്ങളായി മേളയിലെ സ്ഥിരം സാന്നിധ്യമാകുന്നവരെയും ആദ്യമായി എത്തുന്നവരെയും കൊണ്ട് തീയറ്ററുകള്‍ നിറഞ്ഞു. മേളയുടെ ആദ്യദിനത്തില്‍ ലോകസിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട 13 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്.
സ്വവര്‍ഗാനുരാഗികളായ രണ്ട് യുവാക്കള്കുട്ടികളുടെ സംരക്ഷകാരാകുന്ന ഉറുഗ്വന്‍ ചിത്രം ദ് എംപ്ലോയര്‍ ആന്‍ഡ് ദ് എംപ്ലോയ് എന്ന ചിത്രമാണ് ആദ്യം പ്രദര്‍ശനം നടത്തിയത്. തെഴിലിലും ജീവിതത്തിലും പരസ്പരം പങ്കാളികളാകുന്ന ചെറുപ്പക്കാരുടെ ജീവിത പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ വികാസം. ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് കൈരളി തീയറ്ററില്‍ നടന്നത്. ചലച്ചിത്രമേളയുടെ ആദ്യ ദിനത്തില്‍ അഞ്ച് തീയറ്ററുകളിലാണ് പ്രദര്‍ശനം.ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചു.