തിരുവനന്തപുരം: കളമശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് മരണം. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് മരിച്ചത്. ഇവരില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്.
ഇലക്ട്രോണിക് സിറ്റിയില്‍ അല്പ സമയത്തിന് മുന്‍പാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഊര്‍ജിതമായി തെരച്ചില്‍ നടക്കുന്നുണ്ട്. മണ്ണിനുള്ളിൽ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. അവർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 7 തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളിൽ കുടുങ്ങിയതെന്നാണ് നിനരം. ഒരാൾ കൂടി കുടുങ്ങിയെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.
വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.
അതിനിടെ, യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനം നടന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.