കൽപ്പറ്റ: ഓൺലൈൻ വ്യാപര ശൃംഖലയായ ആമസോൺ (Amazon) വഴി രണ്ട് ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാർഡ് (Graphics card) ഓർഡർ ചെയ്ത വയനാട് സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി. ഉൽപന്നം കൈപറ്റിയെന്നാണ് ആമസോൺ നൽകുന്ന വിശദീകരണം. എന്നാൽ തനിക്ക് ഉൽപന്നം കിട്ടിയില്ലെന്നും പണം നഷ്ടപ്പെട്ടെന്നും കാണിച്ച് യുവാവ് സൈബർ പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകി.
രണ്ട് ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാർഡ് ഓൺലൈനിലൂടെ ഓർഡർ ചെയ്ത കൽപ്പറ്റ സ്വദേശിയായ വിഷ്ണുവാണ് ആമസോൺ പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.
തന്റെ സ്ഥാപനത്തിലേക്ക് ജനുവരി 22 ന് ഓർഡർ ചെയ്ത ഗ്രാഫിക്സ് കാർഡ് ലഭിക്കാൻ വൈകിയപ്പോൾ കസ്റ്റമർ കെയറിൽവിളിച്ചു. ഉടൻ തന്നെ ലഭിക്കുമെന്ന് മറുപടി നൽകി. ആദ്യം ഡിടിഡിസി ക്വറിയർ കമ്പനിയായിരുന്നു ഡെലിവറി ചെയ്യുമെന്ന് അറിയിച്ചത്. പിന്നീട് 10 ദിവസം മുൻപ് ഓർഡർ കൈപ്പറ്റി എന്ന മേസേജ് എത്തി. അന്വേഷിച്ചപ്പോൾ കമ്പനിക്ക് മറ്റ് ഉത്തരവാദിത്തങ്ങളില്ല എന്ന് അറിയിച്ചെന്ന് വിഷ്ണു പറയുന്നു. വലിയ തുക നഷ്ട്ടമായതോടെ കടകെണിയിലായെന്ന് വിഷ്ണു പരാതിപെടുന്നു. ഉടൻ പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ആമസോണിന് ഗ്രാഫിക് ഡിസൈനറായ വിഷ്ണു വക്കീൽ നോട്ടീസ് അയച്ചു.