തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ അവസാന ദിവസവും ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വി ഡി സതീശൻ നിലപാട് സ്വീകരിച്ചു. പിന്നാലെ പ്രതിപക്ഷ എംഎൽഎമാർ കെ റെയിലിനെതിരായ പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ അൽപ്പനേരത്തേക്ക് നിർത്തിവെയ്ക്കുകയും ചെയ്തു.
കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കി. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷം വിസമ്മതിക്കുകയായിരുന്നു.