വയനാട്: ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ സ്വന്തം ഹോട്ടലില്‍ കച്ചവടം കുറഞ്ഞു.അതിന് പ്രതികാരമായി ജനകീയ ഹോട്ടലുകാര്‍ വെള്ളം എടുക്കുന്ന കിണറിലെ വെള്ളം ഉപയോഗ ശൂന്യമാക്കി ഹോട്ടൽ ഉടമ. വയനാട് വെണ്ണിയോടാണ് സംഭവം നടന്നത്. ജനകീയ ഹോട്ടലിലേക്ക് വെള്ളം എടുക്കുന്ന കിണറില്‍ സോപ്പ് കലക്കിയ പ്രതിയെ കമ്പളക്കാട് പോലീസ് പിടികൂടി.
ജനകീയ ഹോട്ടലിനോട് ചേര്‍ന്ന് ഹോട്ടല്‍ നടത്തിയിരുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് ബാണപ്രവന്‍ മമ്മൂട്ടി എന്ന അന്‍പത്തിയെട്ടുകാരനാണ് പിടിയിലായത്. ഇന്നലെ രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുത്തപ്പോള്‍ മുതലാണ് കുടിവെള്ളം പതയുന്നതായും സോപ്പുപൊടിയുടെ ഗന്ധം അനുഭവപ്പെടുകയും ചെയ്തു. വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലര്‍ത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ പൊലീസില്‍ പരാതി നല്‍കിയത്.
തുടർന്ന് പൊലീസ് അന്വേഷണത്തിലാണ് കിണറില്‍ സോപ്പുപൊടി കലക്കി ഒഴിച്ചയാളെ കണ്ടെത്തിയത്. സമീപത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, പഞ്ചായത്ത് ജീവനക്കാര്‍ക്കുമെല്ലാം സ്ഥിരമായി ഭക്ഷണം നല്കി വരുന്നത് ജനകീയ ഹോട്ടൽ ആയിരിന്നു.