മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ മോചിപ്പിക്കാൻ മൂന്ന് കോടി ആവശ്യപ്പെട്ടതായി പരാതി. മകൻ അമീർ മാലിക്കിന്റെ പരാതിയിൽ വിബി നഗർ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫെബ്രുവരിയിലാണ് മന്ത്രിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.
ഇംതിയാസ് എന്ന വ്യക്തിയുടെ ഇമെയിൽ സന്ദേശം തനിക്ക് ലഭിച്ചു. പിതാവിനെ ജാമ്യത്തിൽ വിട്ടുകിട്ടാൻ പരമാവധി ശ്രമിക്കുമെന്നും, പകരം ബിറ്റ്കോയിൻ രൂപത്തിൽ മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് ആമിർ പ്രതികരിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 419, 420, ഐടി ആക്ട് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന കേസിൽ ഈ വർഷം ഫെബ്രുവരി 23 ന് നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മാലിക് മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്.