മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പഞ്ചാബിലെ ജനങ്ങൾക്കായി ഒരു സുപ്രധാന തീരുമാനം ഉടൻ കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ച് ഭഗവന്ത് മാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. പഞ്ചാബിൻറെ ചരിത്രത്തിൽ നാളിതുവരെ ആരും കൈക്കൊണ്ടിട്ടില്ലാത്ത തീരുമാനമായിരിക്കും ഇതെന്ന് പറഞ്ഞ ഭഗവന്ത് മാൻ അതെന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം കണക്കിലെടുത്താകും തീരുമാനമെന്നും ഭഗവന്ത് മാൻ ട്വീറ്റ് ചെയ്തു.
ആം ആദ്മി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റും. പഞ്ചാബിലെ ആദ്യ ആംആദ്മി സർക്കാരിൻറെ മുഖ്യമന്ത്രിയായി ഭഗത് സിങ്ങിൻറെ ജന്മനാടായ ഖട്കർ കലനിൽ ബുധനാഴ്ചയാണ് ഭഗവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാനെത്തി. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാകുമെന്നും അഴിമതി തുടച്ചുനീക്കി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം മാൻ പറഞ്ഞിരുന്നു.
ടെലി വോട്ടിംഗിലൂടെയാണ് ഭഗവന്ത് മാനെ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 117 അംഗ പഞ്ചാബ് നിയമസഭയിൽ എ.എ.പി 92 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. ധുരി നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ദൽവീർ സിംഗ് ഗോൾഡിയെ 58,206 വോട്ടുകൾക്കാണ് മാൻ പരാജയപ്പെടുത്തിയത്.