യമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം തേടി കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ സന്ദർശിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
യമനിലെ സ്ഥിതിഗതികൾ സങ്കീർണമായി തുടരുന്ന സാഹചര്യമാണുള്ളതെന്നും ഇതിൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിന് ചില പരിമിതികൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഊർജിതമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രിയെയും കഴിയുമെങ്കിൽ പ്രധാനമന്ത്രിയെയും ബന്ധപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് നിമിഷപ്രിയയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.