കർണാടകയിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിഷേധങ്ങളും രാജ്യം മുഴുവൻ ശക്തമാകുകയാണ്. ഹിജാബ് മതപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കർണാടകാ കോളേജുകളിലെ വിലക്ക് ശരിവെച്ച് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ വിദ്യാർഥികളുടെ ഹർജി തള്ളി കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് ബെഞ്ച്. പിയു കോളജിൽ ഏർപ്പെടുത്തിയ ഹിജാബ് വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി.
11 ദിവസമാണ് ഹരജിയിൽ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തിൽ ഹിജാബ് ഉൾപ്പെടുത്താനാകില്ലെന്ന് കർണാടക സർക്കാർ വാദിച്ചിരുന്നു. സ്ഥാപനങ്ങളിൽ യൂണിഫോം അനുവദിക്കുന്നത് ഭരണഘടനാപരമാണെന്നും അതു സംബന്ധിച്ച് സർക്കാറിന് ഉത്തരവിറക്കാൻ അനുമതി ഉണ്ടെന്നും കോടതി വിലയിരുത്തി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ പറയുന്നു.
ഇതിനിടയിൽ മറ്റൊരു നിരോധന വാർത്തയും പുറത്ത് വന്നിരുന്നു. ജപ്പാനിലെ സ്കൂളുകളിലെ പെൺകുട്ടികളുടെ മുടി കെട്ടുന്നതുമായി ബന്ധപ്പെട്ട വിലക്കായിരുന്നു അത്. പെൺകുട്ടികൾ മുടി പോണിടെയിലായി കെട്ടുന്നതിനാണ് ജപ്പാനിലെ സ്കൂളുകളിൽ നിരോധനം ഏർപ്പെടുത്തിയത്. പെൺകുട്ടികൾ മുടി പോണിടെയിലായി കെട്ടുമ്പോൾ അവരുടെ കഴുത്തിന്റെ പിൻഭാഗം കാണുമെന്നും ഇത് ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് നിരോധനം ഏർപ്പെടുത്തിയതിന് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ രാജ്യത്ത് ഏർപ്പെടുത്തിയ ഈ പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ ചില സ്കൂളുകൾ ഈ നിരോധനം ഏർപ്പെടുത്തുന്നതിൽ നിന്നും വിട്ടു നിന്നു.
അതേസമയം, ജപ്പാനിൽ ആദ്യമായല്ല ഇത്തരത്തിൽ വിചിത്ര നിരോധനങ്ങൾ ഏർപ്പെടുത്തുന്നത്. നേരത്തെ വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാർഥികൾ ധരിക്കാൻ പാടുള്ളൂവെന്ന തരത്തിൽ നിയമം ഇറക്കിയിരുന്നു. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചതിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നു. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഇത്തരം വിചിത്ര നിയമങ്ങൾ ഏകപക്ഷീയമായാണ് നടപ്പാകുന്നത്. ഈ നിയമങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്നത് ജപ്പാനിൽ പതിവാണെന്നും ഇവ അംഗീകരിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകുകയാണെന്നും അധ്യാപകരും പറയുന്നു.
വിദ്യാർഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്സ്, മുടി തുടങ്ങിയവയുടെ നിറം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക മാനദണ്ഡങ്ങൾ രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളും പിന്തുടരുന്നതായുള്ള പരാതികൾ നിലനിൽക്കുന്നുണ്ട്. കായിക പരിശീലനം, സ്കൂളിലെ നീന്തല്‍ പരിശീലനം എന്നിവയ്ക്കായി വസ്ത്രം മാറുമ്പോൾ സ്കൂളുകളിൽ പ്രത്യേകമായി നിയോഗിച്ച ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം പരിശോധിക്കുന്ന പതിവ് പോലും പല സ്കൂളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാബല്യത്തിലുള്ള ഈ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ സ്വരങ്ങളും അടുത്തകാലത്തായി ഉയരുന്നുണ്ട്.
കൃത്യസമയത്ത് ഫീസ് അടച്ചില്ലെങ്കിൽ രക്ഷിതാക്കൾക്ക് പ്രിൻസിപ്പലിന്റെ ഏർപ്പാട് വഴി ശാരീരികോപദ്രവം. പൂനെ നഗരത്തിലെ ഒരു സ്കൂളിൽ ബൗൺസർ ആയി ജോലിചെയ്യുന്ന വനിതയ്ക്കെതിരെ രണ്ട് രക്ഷിതാക്കളെ ക്രൂരമായി മർദിച്ചതിന് പോലീസ് നോൺ-കോഗ്നൈസബിൾ (എൻസി) കുറ്റം ചുമത്തി. മൂന്ന് ദിവസം മുമ്പ് ബിബ്വേവാഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലാണ് സംഭവം നടന്നത്. ബൗൺസറുടെ ആക്രമണത്തിനിരയായ രക്ഷിതാവ് മങ്കേഷ് ഗെയ്ക്വാദാണ് സ്കൂളിനെതിരെ പരാതി നൽകിയത്. പ്രിൻസിപ്പലിനെ കാണണമെന്ന് അവർ നിർബന്ധിച്ചതിനെ തുടർന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ബൗൺസർമാർ ഫൈബർ ബാറ്റൺ ഉപയോഗിച്ച് മർദ്ദിക്കാൻ തുടങ്ങി എന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഇത്തരം വിചിത്രമായ നിയമങ്ങളും ചട്ടങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്.