ദുബായ്: എക്സ്പോ 2020ലെ അഗോള പവലിയൻ ആർട്ട് ഗ്യാലറിയിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ ഭാഗമായുള്ള ടോൻഡോംഗോ ഫെമിനിൻ യൂണിവേഴ്സ് കളക്റ്റീവ് എക്സിബിഷന് തുടക്കം കുറിച്ചു. പരമ്പരാഗത അംഗോളൻ നൃത്ത പ്രകടനത്തോടെയും, ആർട്ടിസ്റ്റുകൾ തങ്ങളുടെ കലാസൃഷ്ടികളിൽ സന്ദർശകരെ ഇടപഴക്കിക്കൊണ്ടുമുള്ള ചടങ്ങോടെയായിരുന്നു പ്രദർശനത്തിന് ആരംഭമായത്. മാർച്ച് 20 വരെ പ്രദർശനം തുടരും.
പെയിന്റിംഗുകൾ, ശിൽപങ്ങൾ, മോഡലിംഗ്, ഫേബ്രിക് ആപ്ലികേഷൻ, ഫോട്ടോഗ്രഫി എന്നിങ്ങനെ 9 ആർട്ടിസ്റ്റുകളുടെ വ്യത്യസ്ത ശൈലികളിലുള്ള 32 കലാസൃഷ്ടികളാണ് ‘ടോൻഡോംഗോ, ദി ഫെമിനിൻ യൂണിവേഴ്സി’ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജീവിജാലത്തെ ഗർഭം ധരിച്ചത് പ്രതീകവത്കരിക്കുന്ന പ്രദർശനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അനുഷ്ഠാനം, സ്ത്രീത്വം, സ്കാർഫികേഷൻ (ശരീര മുദ്രണം) എന്നിവയിലാണ്. ശക്തിയുടെയും സർഗാത്മകതയുടെയും പൊതു വികാരത്തിൽ സമന്വയിക്കുന്ന വിവിധ ഭാഷകളുടെ ഐക്യവും പ്രദർശനം അടയാളപ്പെടുത്തുന്നു.
‘ഇത്തരമൊരു പ്രദർശനം ഒരുക്കാനായതിൽ അഭിമാനമുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നാണ് ആർട്ടിസ്റ്റുകളെ എത്തിച്ചിരിക്കുന്നത്. സ്ത്രീ സമൂഹം ആഘോഷിക്കുന്ന സമകാലിക കലയുടെ സമ്പന്നതയും വൈവിധ്യവും ഇത് പ്രകടിപ്പിക്കുന്നു. പുതിയ സാംസ്കാരിക ബന്ധങ്ങൽ സൃഷ്ടിക്കലും, അതുവഴി കലാ മേഖലയിലെ അനുഭവങ്ങളുടെ കൈമാറ്റം ശക്തിപ്പെടുത്തലുമാണ് പ്രദർശന ലക്ഷ്യം’ -അഗോള പവലിയനിലെ ഗ്യാലറി ക്യുറേറ്റർ കാർല പെയ്റോ പറഞ്ഞു.