തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കുളള ഡീസൽ ചാർജ് വീണ്ടും കൂട്ടി. ഡീസൽ വില ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്. ഇനി മുതല്‍ കെ.എസ്.ആര്.ടി സി ഒരു ലീറ്റർ ഡീസലിന് 121.35 രൂപ നൽകേണ്ടി വരും. യാത്രാ ഫ്യുവൽസ് വഴി പിടിച്ചു നിൽക്കാനാണ് കെ എസ് ആർടി സിയുടെ ശ്രമം.
ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്.ടി.സി ഉപയോഗിക്കുന്നത്. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെ എസ് ആർ ടി സിയെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നടപടി കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്.
ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെ എസ് ആർ ടി സി. ഫെബ്രുവരിയില്‍ ഡീസലിന് 6.73. രൂപ കൂട്ടിയിരുന്നു. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിലവര്‍ധനക്കെതിരേ നാളെത്തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് ഇന്ധനവില വര്‍ധനയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. നാലുലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിക്ക് ഒരുദിവസം വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ വില വര്‍ധനവോടെ ഒരുമാസം 21 കോടിയുടെ നഷ്ടമാണുണ്ടാവുക. ഇത് കെഎസ്ആര്‍ടിസിക്ക് താങ്ങാന്‍ കഴിയില്ല. പൊതുഗതാഗതത്തെ തകര്‍ക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും ആന്റണി രാജു പറഞ്ഞു.