കീവ്: യുക്രെയ്നിൽ റഷ്യൻ സൈന്യത്തിന്റെ കൊടും ക്രൂരത. ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചതിനെ തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കീവിലെ അമേരിക്കൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ട്. കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യൻ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രെയ്‌ന്റെ കടൽവഴിയുള്ള അന്താരാഷ്‌ട്രവ്യാപാരവും നിലച്ചു.
പ്രാധാന നഗരങ്ങൾ വൈകാതെ കീഴടക്കുമെന്ന് റഷ്യൻ പ്രതിരോധ വക്താവ് പറഞ്ഞിരുന്നു.കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
മൈക്കലോവ്, ഖർകീവ്, ചെർണീവ്, അന്റോനോവ് വിമാന നിർമാണശാല എന്നിവിടങ്ങളിൽ വ്യോമാക്രമണമുണ്ടായി. റിൻ മേഖലയിൽ വ്യോമാക്രമണത്തിൽ ടിവി ടവർ തകർന്ന് 9 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കീവിലെ ഹൊറൻകയിലുണ്ടായ ആക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടിരുന്നു. ഫോക്‌സ് ന്യൂസ് ക്യാമറാമാൻ പെയ്‌റി സാക്രേവ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ബെഞ്ചമിൻ ഹോളിന് പരുക്കേറ്റിട്ടുണ്ട്.
















