ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എഐസിസി സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസന് കൃഷ്ണന്റെ പേര് നിര്‍ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എം ലിജു, സതീശന് പാച്ചേനി എന്നീ പേരുകളിലേക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം എത്തിയപ്പോഴാണ് ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത നീക്കം.
പ്രിയങ്ക ഗാന്ധിയുടെ ടീമിൽ ഉൾപ്പെട്ടയാണ് തൃശ്ശൂർ സ്വദേശിയായ ശ്രീനിവാസൻ കൃഷ്ണൻ എന്ന 57-കാരൻ ഒരു ബിസിനസുകാരൻ കൂടിയാണ്. തെലങ്കാന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ്. എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ജോലി നോക്കിയിരുന്നു. പിന്നീട് പത്ത് വർഷത്തോളം കെ.കരുണാകരനൊപ്പം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്നു.
രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി.പി ജോണിനെ പോലുള്ള ഘടകകക്ഷി നേതാക്കളും സമ്മർദ്ദം തുടരുകയും വിടി ബൽറാം, ലിജു തുടങ്ങിയ യുവനേതാക്കളുടെ പേരുകൾ സജീവ ചർച്ചയാവുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദില്ലിയിൽ നിന്നും ഒരു പേര് എത്തിയത്. കെപിസിസി പരിഗണിക്കുന്ന നേതാക്കളുടെ പേരിനൊപ്പം ശ്രീനിവാസൻ കൃഷ്ണൻ്റെ പേര് കൂടി ഉൾപ്പെടുത്താനാണ് ഹൈക്കമാൻഡ് നിർദേശം. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസൻ്റെ പേര്‍കൂടി നിർദേശിക്കാനാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31 നാണ് നടക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് എംപിമാരെയാണ് തെരഞ്ഞെടുക്കുക. 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. എകെ ആന്റണി (കോണ്‍ഗ്രസ്), സോമപ്രസാദ് (സിപിഐഎം), എംവി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.