കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന ഡോ. കെ ഹാരിസിനെ സർവ്വീസിൽ നിന്ന് നീക്കി. അധ്യാപകനെതിരെ ഗവേഷക വിദ്യാർത്ഥി നൽകിയ ലൈെംഗിക ചൂഷണ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. ഇന്ന് ചേർന്ന സിന്റിക്കേറ്റിന്റേതാണ് തീരുമാനം എടുത്തിരിക്കുന്നത്. 2021 ജൂലൈയിലാണ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന ഹാരിസ് കെ കാടാമ്പുഴക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാർത്ഥി രംഗത്തെത്തിയത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സർവ്വകലാശാല സസ്പെന്റ് ചെയ്തിരുന്നു.
ഇതിന് ശേഷമാണ് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികൾ രംഗത്തെത്തിയത്. പിന്നാലെ തേഞ്ഞിപ്പലം പൊലീസ് ഡോ. ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്പെൻഷന് ശേഷം സർവ്വകലാശാല നടത്തിയ അന്വേഷണത്തിൽ ഗൗരവതരമായ കുറ്റകൃത്യമാണ് ഡോ. ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.