പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്സിയുടെ കനത്ത വെല്ലുവിളി മറികകടന്നാണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത്.
രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം. അഡ്രിയാന്‍ ലൂണയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്.
ആദ്യ പാദത്തില്‍ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. പരിശീലനത്തിനിടെ മലയാളി താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. സഹലിനൊപ്പം സഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോള്‍ സന്ദീപും നിശുകുമാറും ടീമിലെത്തി.
ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണിത്. 2014, 2016 വര്‍ഷങ്ങളിലാണ് ടീം ഇതിനുമുമ്പ് കലാശക്കളിക്ക് യോഗ്യത നേടിയത്.