മലപ്പുറം: വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ സമസ്ത. മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഈ വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഫോണിൽ ഉറപ്പ് നൽകിയിരുന്നുവെന്ന് ജിഫ്റി തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും നേരത്തെ നൽകിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്നും തങ്ങൾ പറഞ്ഞു.
വഖ്ഫ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. നേരത്തെ സമസ്ത അടക്കമുള്ള മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി വഖ്ഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിൽ എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ഉറപ്പ് നൽകിയിരുന്നു.