ന്യൂഡല്‍ഹി: ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി ശരിവെച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് വിദ്യാര്‍ഥി സുപ്രീംകോടതിയെ സമീപിച്ചു. നിബാ നാസ് എന്ന വിദ്യാർത്ഥിനിയാണ് കോടതിയെ സമീപിച്ചത്. അനുഛേദം 21 ൻ്റെ ഭാഗമായി സ്വകാര്യതയ്ക്കുള്ള മൗലിക അവകാശ ലംഘനമാണ് വിധിയെന്ന് ഹർജിക്കാരി പറയുന്നു.
ഹിജാബ് ധരിക്കല്‍ ഇസ്ലാമില്‍ അനിവാര്യമായതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി വിലക്ക് ശരിവെച്ചത്.
കര്‍ണാടക ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചാണ് ചൊവ്വാഴ്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞത്. ഹിജാബ് ഇസ്ലാമിക വിശ്വാസ പ്രകാരം അനിവാര്യമല്ലാത്ത ഒന്നായത് കൊണ്ട് ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. സ്കൂള്‍ യൂണിഫോം ന്യായമായ നിയന്ത്രണമാണെന്നും ഹിജാബ് വിലക്കിക്കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അവകാശങ്ങളുടെ ലംഘനമില്ലെന്നും ഹൈക്കോടതി വിധിക്കുകയുണ്ടായി.
അതേസമയം ഹിജാബ് ഉത്തരവ് വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗ്ലൂരു, കലബുര്‍ഗി, ഹാസ്സന്‍, ദാവന്‍കരെ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്.