കൊച്ചി: ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കും വിലക്ക് ഏർപ്പെടുത്തി കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്. ദുൽഖർ സൽമാൻ നിർമിച്ച ‘സല്യൂട്ട്’ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണു നടപടി.
ഭാവിയിൽ ദുൽഖറിൻ്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചു.
ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമിച്ചത്
കുറുപ്പ് റിലീസിന്റെ സമയത്തു തിയറ്റർ ഉടമകൾ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി.
വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം – അസ്ലം പുരയിൽ, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരൻ, ആർട്ട് – സിറിൽ കുരുവിള, സ്റ്റിൽസ് – രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ – ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. – അമർ ഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടെഴ്സ് – അലക്സ് ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ – മഞ്ജു ഗോപിനാഥ്.