തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർഥിയായി പി. സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.
സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാർ. എഐവൈ എഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011 ന് ഇരിക്കൂറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്നവരില്‍ ഒരാളായ സന്തോഷ് കുമാര്‍ പാര്‍ട്ടിയുടെ യുവജനമുഖമായി അറിയപ്പെടുന്ന നേതാവ് കൂടിയാണ്. മലബാറില്‍ നിന്നുള്ള ഒരാള്‍ ഇത്തവണ രാജ്യസഭയിലേക്ക് പോകണമെന്ന സിപഐ പരിഗണനയാണ് സന്തോഷ് കുമാറിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. ഇതോടെ കണ്ണൂരില്‍ നിന്ന് സിപിഐയുടെ എന്‍.ഇ ബല്‍റാമിന് ശേഷം രാജ്യസഭയിലേക്ക് പോകുന്ന ആദ്യത്തെ നേതാവായി സന്തോഷ് കുമാര്‍ മാറും.
പാർട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് സന്തോഷ് കുമാർ പ്രതികരിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കും ഇടത് പക്ഷത്തിനു ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കാലത്താണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയും. ഇതിലൊന്ന് സിപിഐയ്ക്ക് നല്കാന് നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. എൽജെഡി, എൻസിപി, ജെഡിഎസ് എന്നീ ഘടക കക്ഷികളും സീറ്റിൽ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകൾ സിപിഐക്കും സിപിഐഎമ്മിനും നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അതേസമയം, രാജ്യസഭയിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച തീരുമാനിക്കും. എ.വിജയരാഘവന്, ടി.എം. തോമസ് ഐസക്ക്, സി.എസ്. സുജാത, ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് എ.എ. റഹിം, വി.പി.സാനു, ചിന്താ ജെറോം എന്നിവരുടെ പേരുകളാണ് സിപിഎം പരിഗണനയിലുള്ളത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർലമെന്റിൽ പാർട്ടി എം.പിമാരുടെ എണ്ണം ആകാവുന്നിടത്തോളം വർധിപ്പിക്കണമെന്ന നിലപാടാണ് സി.പി.എമ്മിന്. എന്നാൽ, ഭരണകാലത്ത് ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ നിലനിർത്തുന്ന 4:2 അനുപാതം അനുസരിച്ച് ഒരു സീറ്റ് ലഭിച്ചേ പറ്റൂവെന്നാണ് സി.പി.ഐയുടെ വാദം അംഗീകരിക്കുകയായിരുന്നു.
സി.പി.എമ്മിലെ കെ. സോമപ്രസാദ്, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയംസ് കുമാർ എന്നിവരുടെ സീറ്റുകളാണ് എൽ.ഡി.എഫിൽ ഒഴിവുവരുന്നത്.