‘ബാഹുബലി’യെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ആർ.ആർ.ആർ’ ചിത്രത്തിന്റെ ആഘോഷഗാനം പുറത്തിറങ്ങി.’ഏറ്റുക ജണ്ട ‘ എന്ന മലയാളപതിപ്പിലെ ഗാനത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. കീരവാണിയുടെ സംഗീത സംവിധാനത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. വിജയ് യേശുദാസ്, ഹരി ശങ്കർ, സാഹിതി, ഹരി നാരായൺ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എൻ ടി ആർ, റാം ചരൺ എന്നിവർക്കൊപ്പം ആലിയ ഭട്ടും ഗാനത്തിൽ കടന്നുവരുന്നുണ്ട്.
ഈ മാസം 25 ന് തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങിയ അഞ്ചു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഇതിന് പുറമെ ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം റീലിസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
1920കൾ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവർ പരസ്പരം കണ്ടാൽ സംഭവിക്കാവുന്ന കാര്യങ്ങളുടെ ഭാവനയിലാണ് ചിത്രത്തിൻറെ കഥ സഞ്ചരിക്കുന്നത്. കേരളത്തിലെ പ്രശസ്ത നിർമ്മാതാവായ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് .ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.