നാല് മാസത്തോളം നീണ്ടു നിന്ന നിയമപോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ഇന്ന് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞു. കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം എന്നാണ് കോടതി വിധി. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും, ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ തുടങ്ങിയ ഹിജാബ് വിവാദമാണ് പിന്നീട് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഹിജാബ് അനുവദിക്കാത്തിന്റെ പേരില്‍ 250 ഓളം വിദ്യാര്‍ത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്‌കരിച്ചത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍.
ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേ വിദ്യാര്‍ത്ഥിനികളെ അകത്ത് പ്രവേശിപ്പിക്കൂ എന്ന് കോളേജ് അധികൃതര്‍ നിലപാട് എടുത്തു. ഇതോടെ പ്രതിഷേധം കനത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടയാൻ തുടങ്ങി. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തി. ഇതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. പ്രതിഷേധം തെരുവകളിലേക്ക് വ്യാപിച്ചു.
സ്‌കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് 35 വര്‍ഷം കഴിഞ്ഞു. ഇതുവരെ ഒരു വിദ്യാര്‍ത്ഥിനിയും ക്ലാസില്‍ ഹിജാബ് ധരിച്ച് ഇരുന്നിട്ടില്ലെന്ന് പ്രധാനാധ്യാപകന്‍ രുദ്ര ഗൗഡ വിശദീകരിക്കുന്നു. ഹിജാബും ബുര്‍ഖയും മാറാന്‍ പ്രത്യേക സൗകര്യം കാലങ്ങളായി പ്രവര്‍ത്തിക്കുന്നുവെന്ന് അധികൃതര്‍ ചൂണ്ടികാട്ടുന്നു. ഹിജാബ് അഴിച്ചുമാറ്റിയ ശേഷം ക്ലാസില്‍ പ്രവേശിപ്പിക്കും എന്ന് അറിയിച്ചെങ്കിലും വിദ്യാര്‍ത്ഥിനികള്‍ ക്ലാസ്സിൽ കയറാതെ മടങ്ങിപ്പോയി. തുടർന്ന് ഉഡുപ്പി പിയു കോളേജിന് മുന്നില്‍ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി അവരുടെ രക്ഷിതാക്കള്‍ അടക്കം എത്തുന്നു. പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവും ആരംഭിച്ചു. ഹിജാബിന്റെ പേരില്‍ ക്ലാസും പരീക്ഷയും നഷ്ടമാകുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ജനുവരി 3 ന് ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ ശ്രമിച്ചവരെയും അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കുന്നതിനിടയിൽ ഉച്ചയോടെ കാവി ഷാള്‍ ധരിച്ച് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ എത്തി. ഹിജാബ് അനുവദിച്ചാല്‍ കാവി ഷാളും അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ ഇവരെയും അധ്യാപകര്‍ തടഞ്ഞു. മംഗ്ലൂരു സര്‍ക്കാര്‍ കോളേജ്, മാണ്ഡ്യ സര്‍ക്കാര്‍ കോളേജ് എന്നിവടങ്ങളിലും സമാന പ്രതിഷേധം അരങ്ങേറി. വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് അള്ളാഹു അക്ബറും ജയ് ശ്രീറാം വിളിക്കാൻ തുടങ്ങി. വിഷയം മറ്റ് കോളേജുകളിലേക്കും പടർന്നു. വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടാൻ തുടങ്ങി. വിവിധയിടങ്ങളില്‍ പൊലീസ് ലാത്തി വീശുകയും വിദ്യാർത്ഥികളെ അടിച്ചോടിക്കുകയും ചെയ്തു.
വിഷയം അതിരു കടന്നപ്പോൾ ജനുവരി 14 ന് ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ജനുവരി 27 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് പ്രത്യേക സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. ഇതിനെതിരെ ജനുവരി 31 ന് ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഭരണഘടന ഉറപ്പ് നല്‍കുന്ന 14, 19 , 25 അനുച്ഛേദങ്ങളുടെ ലംഘനമാണ് ഇതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 5 ന് 1983 വിദ്യാഭാസ ആക്ടിലെ 133ആം വകുപ്പ് പ്രകാരം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാതാചാര വസ്ത്രങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ പ്രതിഷേധം സംഘര്‍ഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം തെരുവകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമായി.
പിന്നീട് ഫെബ്രുവരി 8 ന് ഹിജാബ് കേസില്‍ ഹൈക്കോടതി വാദം കേട്ട്തുടങ്ങി. ഭരണഘടനാ വിഷയങ്ങള്‍ കണക്കിലെടുത്ത് കേസ്‌ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് കൈമാറി. വിശാല ബെഞ്ച് കേസ് ഫെബ്രുവരി 10 ന് പരിഗണിച്ചു. ശേഷം, അന്തിമ ഉത്തരവ് വരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരണമെന്ന് ഹൈക്കോടതി നിര്‍ദേശം വന്നു. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപകരെ അടക്കം സ്‌കൂളുകള്‍ക്ക് മുന്നില്‍ തടയുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. വാദം പതിനൊന്ന് ദിവസം നീണ്ടു. കേസ് വിധി പറയാനായി മാറ്റി. കേസില്‍ കക്ഷി ചേര്‍ന്നവരോട് വാദങ്ങള്‍ എഴുതിനല്‍കാനും ആവശ്യപ്പെട്ടു.
ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ല. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ല. ഖുറാന്‍ മാത്രം മുന്‍നിര്‍ത്തി ഹിജാബിന് വേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ല. ഒരു കാരണവശാലും ഹിജാബ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കാനാകില്ല. ശബരിമല, മുത്തലാഖ് വിധികള്‍ കണക്കിലെടുക്കണം എന്നൊക്കെ ആയിരുന്നു കര്‍ണാടക സര്‍ക്കാര്‍ വാദം.
അതേസമയം, ഹിജാബ് മതാചാരത്തിന്റെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്നും, നിരോധനം ഭരണഘടന ഉറപ്പ് നല്‍കുന്ന അനുച്ഛേദം 14,19, 25 ലംഘനം ആണ്. മതസ്വാതന്ത്രത്തിനുള്ള അവകാശം ലംഘിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് നിയമം നിലവില്‍ ഇല്ല. സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിരോധനം നടപ്പാക്കാന്‍ അധികാരമില്ല. ഹിജാബിന്റെ പേരില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നു. എന്നെല്ലാം ആയിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാൽ വിധി ഇവർക്ക് അനുകൂലമായില്ല. എന്നിരുന്നാലും കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.