ദുബൈ: യു.എ.ഇയിൽ മാർഗനിർദേശങ്ങൾ പാലിക്കാതെ വി.പി.എൻ ഉപയോഗിച്ചാൽ പിടിവീഴുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ടെലികോം ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റി മുന്നോട്ടുവെച്ച നിയന്ത്രണങ്ങൾ പാലിക്കാതെ വി.പി.എൻ ഉപയോഗിക്കുന്നത് സൈബർ കുറ്റകൃത്യമായി കണക്കാക്കും. യു.എ.ഇയിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് വി.പി.എൻ ഉപയോഗിക്കാൻ അനുമതിയുള്ളത്.
അത് സ്ഥാപനങ്ങളുടെ ആഭ്യന്തര ഉപയോഗത്തിനു മാത്രമാണ്. സർക്കാർ നിരോധിച്ച വെബ്സൈറ്റുകളിൽ പ്രവേശിക്കുന്നതിനും മറ്റ് ക്രിമിനൽ നടപടികൾക്കുമായി വി.പി.എൻ ഉപയോഗിക്കുന്നത് കടുത്ത കുറ്റകൃത്യമായി കണക്കാക്കും. ഗൾഫിൽ ഏറ്റവും കൂടുതൽ വി.പി.എൻ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. ഒന്നാംസ്ഥാനം ഖത്തറിനാണ്. ഒമാനാണ് മൂന്നാം സ്ഥാനത്തെന്നും കണക്കുകൾ വ്യക്തമാക്കുന്നു.