തൃശൂർ: തൃശൂർ ചുവന്നമണ്ണിൽ ബീവറേജ് കോർപറേഷന്റെ (Kerala State Beverages Corporation) മദ്യവിൽപന ശാലയിൽ കവർച്ച. മദ്യവും (Liquor) 8000 രൂപയും കവർന്നു, ശനിയാഴ്ച രാത്രിയിലാണ് മോഷണം (Theft) നടന്നത്. കടയുടെ പിന്നിലെ ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് കരുതുന്നത്. ഞായറാഴ്ച സ്ഥാപനം തുറന്ന വനിതാ ജീവനക്കാരാണ് ഉള്ളിൽ മദ്യകുപ്പികളും മറ്റും വലിച്ച് വാരിയിട്ടതായി കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഷട്ടർ കുത്തി തുറന്നതായി കണ്ടെത്തിയത്.
സ്ഥാപനത്തിന് പുറത്ത് നാല് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും പ്രവർത്തിച്ചിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നില്ല. സ്ഥാപനത്തിനുള്ളിലെ സിസിടിവിയിൽ മാസ്ക് ധരിച്ചയാൾ നടക്കുന്നതും കേസുകൾ തുറന്ന് മദ്യ കുപ്പികൾ പുറത്തെടുക്കുന്നതും കാണാം. സംഭവം പൊലീസിൽ അറിയിച്ചതോടെ പീച്ചി പൊലീസ് എസ്എച്ച്ഒ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി സ്ഥലം പരിശോധിച്ചു.