തിരുവനന്തപുരം; പൊതു ആവശ്യത്തിനായി റിലിങ്ക്വിഷ്മെന്റ് ഫോം മുഖേന സ്ഥലം വിട്ടു നൽകാനാവുന്നത് സംസ്ഥാന സർക്കാരിലേക്ക് മാത്രമാണെന്നും അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നതിന് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പി കെ ബഷീർ എം എൽ എയുടെ സബ്മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിലുള്ള നിയമ വ്യവസ്ഥ പ്രകാരം പഞ്ചായത്തുകൾക്ക് സ്ഥാവര വസ്തു ആർജ്ജിക്കാൻ കഴിയില്ല.
1994ലെ കേരള പഞ്ചായത്തീ രാജ് ആക്ടിലെ 178 ആം വകുപ്പിന്റെ അടിസ്ഥാനത്തിൽ 2005 ൽ തന്നെ കേരള പഞ്ചായത്തീ രാജ് (വസ്തു ആർജ്ജിക്കലും കയ്യൊഴിക്കലും) ചട്ടങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം ഭൂമി വിലക്കെടുക്കൽ ആക്ട് പ്രകാരമോ ഉഭയ സമ്മത പ്രകാരമോ സൗജന്യമായോ സ്ഥാവര സ്വത്തുക്കൾ പഞ്ചായത്തുകൾക്ക് ആർജ്ജിക്കാവുന്നതാണ്. ഇപ്രകാരം ആർജ്ജിക്കുന്ന വസ്തുക്കൾ സബ് രജിസ്ട്രാർ ഓഫീസ് വഴി പഞ്ചായത്തിന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്ത് മാറ്റുന്നതിന് രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കി നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പഞ്ചായത്ത് ആർജ്ജിക്കുന്ന സ്വത്തുക്കളോടൊപ്പം നിക്ഷിപ്തമാവുന്ന സ്ഥാവര സ്വത്തുക്കളും ആസ്തി രജിസ്റ്ററിൽ ചേർക്കാം. ആസ്തി രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള വ്യക്തമായ നടപടി ക്രമങ്ങൾ സർക്കാർ പുറപ്പെടുവിക്കുകയും ഇത് സംബന്ധിച്ച വിശദമായ സർക്കുലർ പഞ്ചായത്ത് ഡയറക്ടർ നൽകുകയും ചെയ്തിട്ടുണ്ട്.