ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിൽ പ്രവേശിച്ച നാല് ക്രിക്കറ്റ് ആരാധകർ അറസ്റ്റിൽ. ഗ്രൗണ്ടിൽ പ്രവേശിച്ച് മുൻ ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോലിക്കൊപ്പം സെൽഫിയെടുത്ത നാലു പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ് സ്ഥിരീകരിച്ചു. ഇവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ആരാധകരിൽ മൂന്ന് പേർ ബാംഗ്ലൂർ സ്വദേശികളും ഒരാൾ കൽബുർഗി സ്വദേശിയുമാണ്. ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്നതിനും സുരക്ഷാചട്ടങ്ങൾ ലംഘിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്.
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിയുടെ പന്ത് കൊണ്ട് പരിക്കേറ്റ ലങ്കൻ ബാറ്റർ കുശാൽ മെൻഡിസിനെ ഡോക്ടർമാർ പരിശോധിക്കുന്നതിനിടെയായിരുന്നു ആരാധകർ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത്. കോഹ്ലിയുടെ അടുക്കലേക്ക് ഓടിയെത്തിയ ഇവരുടെ കൂട്ടത്തിലെ ഒരാൾ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് സെൽഫിയെടുക്കുകയായിരുന്നു.
അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തിയെങ്കിലും ഇവർ ചിതറിയോടി. ഇവരെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് ഇവരെ ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടുപോയി. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൊഹാലിയിൽ നടന്ന ഒന്നാം ടെസ്റ്റിനിടയിലും ഒരു ആരാധകൻ ഗ്രൗണ്ടിലിറങ്ങിയിരുന്നു.