തിരുവനന്തപുരം: തിരുവല്ലത്ത് പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസ് സി.ബി.ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. നെല്ലിയോട് മേലെവീട് ചരുവിള പുത്തന്‍വീട്ടില്‍ സുരേഷി(40)ന്റെ മരണമാണ് സി.ബി.ഐ. അന്വേഷിക്കുന്നത്.
പ്രതിപക്ഷവും കുടുംബവും നേരത്തെ സി.ബി.ഐ അന്വേഷണം ആവശ്യപെട്ടിരുന്നു.
തിരുവല്ലത്തിനടുത്ത ജഡ്ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചതായി ആരോപിച്ചാണ് മരിച്ച സുരേഷടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് അധികം വൈകാതെ തന്നെ പ്രതിയായ സുരേഷ് ആശുപത്രിയില്‍ വെച്ച് മരിച്ചു. നെഞ്ച് വേദനയാണ് മരണകാരണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് മര്‍ദ്ദനമാണെന്നാരോപിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.
സുരേഷിന്റെ ശരീരത്തില്‍ 12 ചതവുകളുള്ളതായും മരണത്തിനു കാരണമായ ഹൃദ്യോഗബാധയ്ക്ക് അത് ആക്കം കൂട്ടിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. താടിയെല്ലിനു താഴെ കഴുത്തിന്റെ വലതു വശത്ത്, കഴുത്തിനു മുൻപിൽ ഇടതുവശത്ത്, വലതു തുടയുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ വലതു തുടയിൽ, തോളിനു താഴെ ഇടതു കൈയ്യുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ ഇടതു തുടയുടെ പിന്നിൽ, മുതുകിൽ മുകളിലും താഴെയും ഇടത്തും വലത്തുമായി 6 ഭാഗങ്ങളിൽ എന്നിങ്ങനെയാണു ചതവുള്ളത്.
ചതവുകള്‍ എങ്ങനെ സംഭവിച്ചെന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന്മാര് ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഇക്കാര്യം വിശദമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.