ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന് കേന്ദ്ര പാർലമെന്ററി സമിതിയുടെ അംഗീകാരം. പദ്ധതി യഥാർഥ്യമാകേണ്ടതാണെന്ന് ഗതാഗത – ടൂറിസം സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം, പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായും ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നു.
വിമാനത്താവളം ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകും. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്ഐഡിസി 2020 ജൂണിൽ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്കായി വ്യോമസേനയുടെ ‘സൈറ്റ് ക്ലിയറൻസ്’ ലഭിച്ചിട്ടുണ്ട്. മറ്റു നടപടികൾ പൂർത്തിയായിട്ടില്ല. മാത്രമല്ല, സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് ഡിസംബറിൽ നൽകാമെന്ന് കെഎസ്ഐഡിസി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.