ബംഗളൂരു: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 238 റണ്‍സിന്റെ വമ്പൻ ജയം. ലങ്ക രണ്ടാം ഇന്നിംഗ്സിൽ 208 റണ്‍സിന് ഓൾഔട്ടായി. ക്യാപ്റ്റൻ ദിമുത് കരുണരത്ന സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാൻ ലങ്കയ്ക്കായില്ല. ഇതോടെ രണ്ടു മത്സര പരമ്പര ഇന്ത്യ 2-0 ന് നേടി.
ലങ്കയ്ക്കായി ക്യാപ്റ്റന്‍ ദിമുത് കരുണരത്ന സെഞ്ചുറി നേടി. 174 പന്തില്‍ 15 ഫോറിന്റെ സഹായത്തോടെ 107 റണ്‍സാണ് കരുണരത്ന അടിച്ചെടുത്തത്. 54 റണ്‍സോടെ കുശാല്‍ മെന്‍ഡിസ് പിന്തുണ നല്കി.
നാല് വിക്കറ്റെടുത്ത ആര് അശ്വിനും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ രണ്ടിന്നിങ്സിലുമായി ബുംറ എട്ടു വിക്കറ്റ് സ്വന്തമാക്കി.
സ്കോര്‍: ഇന്ത്യ-252&303/9ഡിക്ലയേര്‍ഡ്, ശ്രീലങ്ക-109&208
ആദ്യ ഇന്നിങ്സിൽ ബുംറ അഞ്ച് വിക്കറ്റ് നേടിയിരുന്നു. ഇന്ത്യ രണ്ടാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഋഷഭ് പന്തിന്റേയും ശ്രേയസ് അയ്യരുടേയും അർധ സെഞ്ചുറിയും രോഹിത് ശർമയുടെ 46 റൺസുമാണ് ഇന്ത്യയുടെ സ്കോർ 300 കടത്തിയത്.
പന്ത് പുറത്തായതിന് ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ രക്ഷാപ്രവർത്തനം നടത്തി. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ശ്രേയസ് അർധ സെഞ്ചുറി കണ്ടെത്തി. 87 പന്തിൽ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 67 റൺസ് നേടി. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 22 റൺസും അക്ഷർ പട്ടേൽ ഒമ്പത് റൺസും നേടി. അശ്വിൻ 13 റൺസിന് പുറത്തായി. 16 റൺസോടെ മുഹമ്മദ് ഷമി പുറത്താകാതെ നിന്നു.
ശ്രേയസ് അയ്യരാണ് മത്സരത്തിലെ താരം. ഋഷഭ് പന്താണ് പരമ്പരയിലെ താരം.