ക്വാലലംപുർ :കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ അടച്ചിട്ട അതിർത്തികൾ രണ്ടു വർഷത്തിന് ശേഷം തുറക്കാനുള്ള ഒരുക്കത്തിലാണ് മലേഷ്യൻ ഭരണകൂടം. ഇതോടെ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഏഷ്യൻ രാജ്യമായ മലേഷ്യ വൈകാതെ ടൂറിസത്തിന് വീണ്ടും മധുരമേകും. ഏപ്രിൽ ഒന്നു മുതൽ രാജ്യാന്തര അതിർത്തികൾ തുറക്കും. ഇതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നും തകർന്നടിഞ്ഞ വിനോദ സഞ്ചാര മേഖലയുടെ തിരിച്ചു വരവും ലക്ഷ്യമിടുന്നതായും പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു. രണ്ടു വർഷത്തോളമായി മലേഷ്യൻ പൗരന്മാർക്കും നീണ്ട വീസാ കാലാവധിയുള്ളവർക്കും മാത്രമായിരുന്നു മലേഷ്യയിലേക്ക് പ്രവേശനം.
മറ്റു പല അയൽരാജ്യങ്ങളും യാത്രാ വിലക്കുകളിൽ നിന്നും വ്യതിചലിച്ചതോടെ മലേഷ്യൻ ഭരണകൂടവും മാറി ചിന്തിച്ചെന്ന് വേണം മനസ്സിലാക്കാൻ. നിലവിൽ ഇ-വീസയടക്കമുള്ള സന്ദർശക വീസയുടെ അപേക്ഷകൾ മലേഷ്യ സ്വീകരിച്ചു തുടങ്ങി. എയർ ഏഷ്യയടക്കമുള്ള ബഡ്ജറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്തിരിക്കുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എല്ലാ യാത്രക്കാരും രാജ്യത്തേക്ക് പ്രവേശിച്ചയുടൻ അതാത് വിമാനത്താവളങ്ങളിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.