ദോഹ: തൊഴിൽ മേഖലകളിൽ സ്വദേശി പൗരന്മാർക്ക് കൂടുതൽ അവസരം ഒരുക്കുന്നതിൻറെ ഭാഗമായി സ്വദേശി വത്കരണത്തിൻറെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം.
സ്വകാര്യമേഖലകളിൽ 456 പുതിയ തൊഴിൽ അവസരങ്ങളാണ് പൗരന്മാർക്കായി നീക്കിവെച്ചതെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.ഖത്തർ സ്വദേശികളായ പുരുഷന്മാർക്കും വനിതകൾക്കും, ഖത്തരി വനിതകളുടെ മക്കൾക്കുമായാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത്.മന്ത്രാലയത്തിനു കീഴിലെ നാഷനൽ എംേപ്ലായ്മെൻറ് പ്ലാറ്റ്ഫോമായ ‘കവാദർ’ വഴി രാജ്യത്തെ പ്രമുഖ കമ്പനികളുടെ തൊഴിൽ അവസരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൻറെ അടിസ്ഥാനത്തിൽ തൊഴിൽ ലഭ്യമാക്കും.
വിവര സാങ്കേതിക മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചത്. 271 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. സർവിസ് ആൻഡ് ട്രാൻസ്പോർട്ട് മേഖലയിൽ 88ഉം, ഫിനാൻസ്, ഇൻഷുറൻസ് മേഖലയിൽ 55ഉം, ഊർജ, വ്യവസായിക മേഖലകളിൽ 28ഉം, സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷൻ മേഖലയിൽ 12ഉം, റിയൽ എസ്റ്റേറ്റ് സെക്ടറിൽ രണ്ടും തൊഴിൽ ഒഴിവുകളാണുള്ളത്. സ്വദേശിവത്കരണത്തിൻറെ രണ്ടാം ഘട്ടമാണ് ആരംഭിച്ചത്.