കൊൽക്കത്ത: കൊൽക്കത്തയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽ മോഷണം നടത്തിയെന്നാരോപിച്ച് ബംഗാളി നടി രൂപാ ദത്തയെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. നിരവധി സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് രൂപ.
രൂപാ ദത്ത ഡസ്റ്റ്ബിന്നിലേക്ക് പേഴ്സ് വലിച്ചെറിയുന്നത് ഒരു പോലീസുകാരൻ കണ്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തതായി ബിദാൻ നഗർ നോർത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടർന്ന് അവളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. രൂപയുടെ മറുപടിയില്‍ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അവരുടെ ബാഗിൽ നിന്ന് നിരവധി പഴ്സുകളും 75,000 രൂപയും കണ്ടെടുത്തു.
തിരക്കുള്ള സ്ഥലങ്ങളില്‍ പോയി മോഷണം നടത്തുകയാണ് നടിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നടിയെ നാളെ കോടതിയിൽ ഹാജരാക്കും. കൂടുതൽ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
നേരത്തെ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ തെറ്റായ ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വാർത്തകളിൽ ഇടംനേടിയിരുന്നു. അനുരാഗ് തനിക്ക് മോശം മെസേജുകൾ അയച്ചെന്നാരോപിച്ച് നടി ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ അനുരാഗ് എന്ന് പേരുള്ള മറ്റൊരാൾ അയച്ച മെസേജുകളുടെ സ്ക്രീന്‍ ഷോട്ടാണെന്ന് കണ്ടെത്തി.