ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി ഋഷഭ് പന്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡാണ് മറികടന്നത്.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 28 പന്തിൽ നിന്നാണ് ഋഷഭ് അർദ്ധ സെഞ്ച്വറി നേടിയത്. 30 പന്തിൽ നിന്നാണ് കപിൽ തൻ്റെ അർധസെഞ്ചുറി തികച്ചത്. ഈ റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്. 26 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി തികച്ച ഷാഹിദ് അഫ്രീദിയുടെ പേരിലാണ് ലോകക്രിക്കറ്റില്‍ ഈ റെക്കോര്‍ഡുള്ളത്.
ഹനുമ വിഹാരി പുറത്തായതിന് ശേഷം ക്രീസിലെത്തിയ പന്ത് തുടക്കം മുതല്‍ തന്നെ അക്രമണോത്സുകമായാണ് ബാറ്റ് വീശിയത്. ശ്രീലങ്കന്‍ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച പന്ത് തുടരെ ബൗണ്ടറികളുമായി കളം നിറഞ്ഞു. അര്‍ധ സെഞ്ച്വറി തികച്ച ശേഷം മൂന്ന് പന്തുകള്‍ നേരിട്ട താരം പ്രവീണ്‍ ജയവിക്രമക്ക് വിക്കറ്റ് നല്കി മടങ്ങുകയായിരുന്നു.
ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടവും ആതിഥേയരെ ശക്തമായ നിലയിൽ എത്തിച്ചു. ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് എട്ട് തവണ അഞ്ച് വിക്കറ്റ് നേട്ടമെന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവിന്റെ റെക്കോർഡിനൊപ്പം ബുംറ എത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും അദ്ദേഹം ഇടം പിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ 12-ാമത്തെ ബൗളർ കൂടിയാണ് ബുംറ.