അമൃത്സര്‍: പഞ്ചാബില്‍ ഈ മാസം 16 ന് സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മന് മാത്രം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്.
ഹർപാൽ സിങ് ചീമ, അമൻ അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുല്‍താര്‍ സന്ദ്വാന്‍, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാല്‍ജിന്ദര്‍ കൌര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. മൂന്ന് വനിതകൾ ആദ്യ പട്ടികയിലുണ്ട്.
കാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാര്‍ട്ടി പിന്നീട് വെളിപ്പെടുത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ശനിയാഴ്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ടതിന് ശേഷമാണ് ഭഗവന്ത് മന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചത്. പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ അറിയിച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി യോഗത്തിന് ശേഷം രാജ്ഭവന് പുറത്ത് മന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു, ഗവര്‍ണര്‍ സാഹിബ് അത് അംഗീകരിച്ചു- മന് പറഞ്ഞു. വെള്ളിയാഴ്ച മൊഹാലിയില്‍ നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് 48 കാരനായ മന്നിനെ എഎപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
പഞ്ചാബ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന്റെ ഭാഗമായുള്ള എഎപിയുടെ വിജയറാലി അമൃത്സറില് നടക്കുകയാണ്. ആഘോഷ പരിപാടികള്‍ക്കായി പഞ്ചാബിലെത്തിയ പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് ഭഗവന്ത് മന്നിനൊപ്പം റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
സമൂഹത്തിലെ സമസ്ത മേഖലകളില്‍പ്പെട്ടവരുടെ പ്രാതിനിധ്യം കൊണ്ട് സമ്ബന്നമാണ് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍. പഞ്ചാബിലെ ആപ്പ് തരംഗത്തില്‍ 117 അംഗ നിയമസഭയില്‍ ജയിച്ച് കയറിയത് 92 പേരാണ്. ഇതില്‍ 82 പേര് പുതുമുഖങ്ങള്‍, 11 വനിതകള്‍. എംഎല്‍മാരില്‍ 25 പേരിലധികം കര്‍ഷകരാണ്, 12 പേര് ഡോക്ടര്‍മാര്‍, രണ്ട് ഗായകര്‍, 5 അഭിഭാഷകര്‍, വിവരാവകാശ പ്രവര്‍ത്തകര്‍ മുന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ നീളുന്നു പട്ടിക.