വത്തിക്കാൻ: യുക്രെയ്നിലെ ‘കൂട്ടക്കൊല’ അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെ ശക്തമായി അപലപിച്ച മാർപാപ്പ, ബോംബ് ഇടുന്നതും ആക്രമണങ്ങളും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ചത്തെ ബലിയർപ്പണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവനാമത്തിൽ ആവശ്യപ്പെടുകയാണ്, ഈ കൂട്ടക്കൊല അവസാനിപ്പിക്കൂ.
കുട്ടികളുടെ ആശുപത്രികൾക്കും സിവിലിയൻമാർക്കും നേരെയുള്ള ബോംബാക്രമണം അപരിഷ്കൃതമാണ്. ഇതിന് സാധുവായ കാരണങ്ങളൊന്നുമില്ലെന്നും മാർപാപ്പ പറഞ്ഞു.
ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും അവസാനിപ്പിക്കാനും മാനുഷിക ഇടനാഴികൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
12 ദിവസത്തെ ഉപരോധത്തിനിടെ 1500-ലധികം ആളുകൾ മരിയുപോളിൽ മരിച്ചു. മരിച്ചവരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കാനുള്ള ശ്രമങ്ങളെ പോലും ഷെല്ലാക്രമണം തടസ്സപ്പെടുത്തിയതായി മേയറുടെ ഓഫീസ് അറിയിച്ചു.
സംഘർഷ മേഖലകളിൽ നിന്ന് മാനുഷിക ഇടനാഴികൾ വഴി ഏകദേശം 125,000 ആളുകളെ ഒഴിപ്പിച്ചതായി ഞായറാഴ്ച ഒരു വീഡിയോ പ്രസംഗത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.
400,000-ത്തിലധികം ആളുകൾ കുടുങ്ങിക്കിടക്കുന്ന തുറമുഖ നഗരത്തിൽ നിന്ന് 50 മൈൽ (80 കിലോമീറ്റർ) മാത്രം അകലെയാണ് ഒരു മാനുഷിക വിതരണ വാഹനവ്യൂഹം ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.