കൊച്ചി: കൊച്ചിയിലെ പ്രശസ്ത ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് (Makeup Artist) അനീസ് അൻസാരിക്കെതിരെ (Anez Anzare) മറ്റൊരു ലൈംഗിക പീഡന പരാതി കൂടി. വിദേശ മലയാളിയായ യുവതി കമ്മീഷണർക്കാണ് പരാതി നൽകിയത്. വിവാഹത്തിനായി മേക്കപ്പ് ചെയ്യാൻ എത്തിയ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പരാതി. പൊലീസ് ആവശ്യപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ നൽകാമെന്നും യുവതി പറയുന്നു. എന്നാൽ, പരാതി സൈൻഡ് കോപ്പി അല്ലാത്തെ മെയിലുകളിൽ അയക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പരാതി.
എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. ഒരാഴ്ച മുമ്പാണ് യുവതികൾ അനീസ് അൻസാരിക്കെതിരെ മീടു (Me too) പോസ്റ്റ് ഇട്ടിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു നേരത്തെ വിശദമാക്കിയിരുന്നു. ലൈംഗിക പീഡന കേസിന് പിന്നാലെ ഒളിവിൽപോയ കൊച്ചിയിലെ ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അനീസ് അൻസാരിയുടെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.