ഹൈദരാബാദ്; തെലുങ്ക് ഗാനരചയിതാവ് ഡോ. കണ്ടികോണ്ട യാഡഗിരി അന്തരിച്ചു. 49 വയസായിരുന്നു. അർബുദത്തെ തുടർന്ന് ശനിയാഴ്ചയായിരുന്നു മരണം.
കഴിഞ്ഞ വർഷമാണ് കാൻസർ ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ തെലുങ്കാന ഗവൺമെന്റ് സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ രോഗം ഭേദമായെങ്കിലും പിന്നീട് കാൻസർ നെട്ടെല്ലിലേക്ക് ബാധിക്കുകയായിരുന്നു. തുടർന്ന് രോഗം മൂർച്ഛിച്ച് ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
1200 ൽ അധികം തെലുങ്ക് ഗാനങ്ങൾക്കാണ് കണ്ടികോണ്ട വരികൾ രചിച്ചിരിക്കുന്നത്. 2001ൽ റിലീസ് ചെയ്ത പുരി ജഗന്നാഥ് സിനിമ ഇത്ലു ശ്രാവണി സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. മല്ലു കുയവെ ഗുവ്വ, ചുപുൽതോ ഗുചി ഗുചി ചമ്പകേ തുടങ്ങിയ നിരവധി ഗാനങ്ങൾ രചിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉൾപ്പടെ നിരവധി പ്രമുഖർ കണ്ടികോണ്ടയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.