ബംഗളൂരു: ഇന്ത്യ- ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്റ്റില്‍ വിക്കറ്റുമഴയാണ് ലഭിച്ചത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യദിനം അവസാനിക്കുമ്പോള്‍ ആറിന് 86 എന്ന ദയനീയാവസ്ഥയിലാണ് സന്ദര്‍ശകര്‍. ജസ്പ്രിത് ബുമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 252 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ലസിത് എംബുല്‍ഡെനിയ, ജയവിക്രമ എന്നിവരാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയത്.
ഇതോടെ പകല്‍- രാത്രി ടെസ്റ്റിന്റെ ആദ്യദിനം തന്നെ 16 വിക്കറ്റുകള്‍ നഷ്ടമായി. ഇതോരു റെക്കോര്‍ഡാണ്. പിങ്ക് പന്ത് ടെസ്റ്റില്‍ ആദ്യദിനം മാത്രം ഇത്രയും വിക്കറ്റുകള്‍ വീണിട്ടില്ല. ആദ്യദിനം 13 വിക്കറ്റുകള്‍ നഷ്ടമായതാണ് ഇതിന് മുമ്പുണ്ടായിരുന്നു റെക്കോര്‍ഡ്. നാല് ടെസ്റ്റുകളില്‍ ഇത്തരത്തില്‍ സംഭവിച്ചു. 2017ല്‍ ദക്ഷിണാഫ്രിക്ക- സിംബാബ്വെ ടെസ്റ്റിലായിരുന്നു ആദ്യ സംഭവം. പോര്‍ട്ട് എലിസബത്തിലായിരുന്നു ടെസ്റ്റ്.
2018ല്‍ ഓക്ലന്ഡില് ന്യൂസിലന്‍ഡ് – ഇംഗ്ലണ്ട് ടെസ്റ്റിന്റെ ആദ്യ ദിനത്തിലും 13 വിക്കറ്റുകള്‍ വീണു. 2019ല്‍ ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലും ആദ്യദിനം നഷ്ടമായത് 13 വിക്കറ്റുകള്‍. ഇന്ത്യയുടെ ആദ്യ പകല്‍- രാത്രി ടെസ്റ്റായിരുന്നു അത്. കൊല്‍ക്കത് ഈഡന് ഗാര്‍ഡന്‍സായിരുന്നു വേദി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോഴും ഇത്തരത്തില്‍ സംഭവിക്കുകയുണ്ടായി. അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലാണ് രണ്ട് ഇന്നിംഗ്സിലുമായി 13 വിക്കറ്റുകള്‍ വീഴ്ത്തിയത്.