ബെംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍. നിരോഷന്‍ ഡിക്വെല്ലയും (13*) ലസിത് എംബുള്ദെനിയയുമാണ് (0*) ക്രീസില്‍.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുമാണ് ലങ്കന്‍ മുന്‍നിരയെ തകര്‍ത്തത്. അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.
കുശാല്‍ മെന്‍ഡിസ് (2), ലഹിരു തിരിമാനെ (8), ദിമുത് കരുണരത്നെ (4), ധനഞ്ജയ ഡിസില്‍വ (10), ചരിത് അസലങ്ക (5) എന്നിവരെല്ലാം തന്നെ ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ മടങ്ങി. 85 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 43 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 252 റണ്‍സില്‍ അവസാനിച്ചിരുന്നു. പിച്ചില്‍ നിന്ന് ലഭിച്ച പിന്തുണ ലങ്കന്‍ സ്പിന്നര്‍മാര്‍ മുതലെടുത്തതോടെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പതറിയപ്പോള്‍ ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ 250 കടത്തിയത്.
98 പന്തുകള്‍ നേരിട്ട് 10 ഫോറും നാല് സിക്സും പറത്തിയ അയ്യര്‍ 92 റണ്‍സെടുത്ത് പത്താമനായാണ് പുറത്തായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് എംബുള്‍ദെനിയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ ലങ്കയ്ക്കായി തിളങ്ങി. ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റെടുത്തു.