കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അച്ഛന് സജീവ് അറസ്റ്റില്‍. കുട്ടി കൊല്ലപ്പെട്ട കേസില്‍ സജീവിനെയും പൊലീസ് പ്രതിചേര്‍ത്തിരുന്നു.
അങ്കമാലിയിൽ നിന്നാണ് കുട്ടിയുടെ പിതാവായ സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് മുത്തശ്ശിക്കും അച്ഛനുമെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ മുത്തശ്ശി സിപ്സിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സജീവിനെയും അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം പൂന്തുറ ബീമാപ്പള്ളിയില്‍ നിന്നാണ് സിപ്സിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ബാലനീതി നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കുട്ടിയുടെ സംരക്ഷണ ചുമതലയില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് കേസെടുത്തത്. ലഹരി മരുന്ന് വിൽപ്പനയ്ക്കും മറ്റു ഇടപാടുകൾക്കും കുട്ടികളെ മുത്തശ്ശി സിക്സി മറയാക്കിയെന്നും പൊലീസിന്റെ കണ്ടെത്തലുണ്ട്.
കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍, കുട്ടിയുടെ സംരക്ഷണ ചുമതല അച്ഛന് സജീവിനുണ്ട്. എന്നാല്‍ സജീവ് ഈ ചുമതലയില്‍ വീഴ്ച വരുത്തിയതായി പൊലീസ് പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ മുത്തശ്ശി സിപ്സി അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. കുട്ടിയുടെ പിതാവ് സജീവും റൗഡി ലിസ്റ്റിലുള്ളയാളാണ്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വെച്ച് ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ സുഹൃത്ത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്സിയുടെയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടൽമുറിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.