ബംഗളൂരു: ശ്രീലങ്കയ്ക്കെതിരായ പിങ്ക് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 252 റണ്‍സിന് പുറത്ത്. അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ ഒറ്റയാൻ പോരാട്ടമാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്നും രക്ഷിച്ചത്.
98 പന്തുകൾ നേരിട്ട അയ്യർ നാല് സിക്സും പത്ത് ഫോറും ഉൾപ്പെടെ 92 റണ്‍സെടുത്തു. അയ്യരാണ് ടോപ് സ്കോറർ. ഋഷഭ് പന്ത് 39 റണ്‍സുമെടുത്തു. രോഹിത് (15), ഹനുമ വിഹാരി (31), വിരാട് കോഹ്ലി (23) എന്നിവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
ഇന്ത്യയ്ക്ക് നഷ്ടമായ പത്തിൽ എട്ടു വിക്കറ്റുകളും ശ്രീലങ്കൻ സ്പിന്നർമാർ സ്വന്തമാക്കി. 24 ഓവറിൽ 94 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ലസിത് എംബുൽദെനിയ, 17.1 ഓവറിൽ 81 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത പ്രവീൺ ജയവിക്രമ എന്നിവരാണ് ശ്രീലങ്കയുടെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പൻമാർ. ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റ് വീഴ്ത്തി. പേസ് ബോളർ സുരംഗ ലക്മലിന് ഒരു വിക്കറ്റ് ലഭിച്ചു. ഒരാൾ റണ്ണൗട്ടായി.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പകൽ – രാത്രി ടെസ്റ്റാണ് അരങ്ങേറുന്നത്. ആദ്യ ടെസ്റ്റിൽ കളിച്ച ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. ജയന്ത് യാദവിനു പകരം അക്ഷർ പട്ടേൽ ടീമിൽ ഇടംപിടിച്ചു. ശ്രീലങ്കൻ നിരയിൽ പാത്തും നിസ്സങ്ക, ലഹിരു കുമാര എന്നിവർക്കു പകരം കുശാൽ മെൻഡിസ്, പ്രവീൺ ജയവിക്രമ എന്നിവർ ഇടംപിടിച്ചു.