കോട്ടയം: മറിയപ്പിള്ളിയിൽ പാറമടക്കുളത്തിൽ വീണ ലോറിയിലെ ഡ്രൈവർ അജിപാലിന്റെ മൃതദേഹം പുറത്തെടുത്തു. അപകടം സംഭവിച്ച് 18 മണിക്കൂറിന് ശേഷമാണ് ലോറി മുകളിലേക്കുയർത്തി ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്.
തിരുവനന്തപുരം പാറശ്ശാല സ്വദേശി അജികുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിക്കാണ് അപകടം സംഭവിച്ചത്. 70 അടിയോളം താഴ്ചയുള്ള പാറമടയിൽ ഇരുപതോളം താഴ്ചയിലാണ് ലോറി കിടന്നിരുന്നത്. വിലയ അളവിൽ മാലിന്യങ്ങൾ നിറഞ്ഞിരുന്ന പാറമടയായിരുന്നതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് ലോറി ഉയർത്തിയത്.
ചങ്ങനാശേരിയിൽ നിന്ന് രണ്ട് ക്രെയിൻ എത്തിച്ചാണ് ലോറി മുകളിൽ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ ലോറി മുകളിലേക്ക് ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് ലോറിയുടെ നാല് വശത്തും വടം കെട്ടി വലിച്ചാണ് ലോറി ഉയർത്തിയത്. ലോറിയിലെ ക്യാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അജികുമാറിന്റെ മൃതദേഹം.
ചളിയും മാലിന്യങ്ങളും ചതുപ്പും നിറഞ്ഞ കുളത്തിലെ വാഹനത്തിന്റെ സ്ഥാനം കണ്ടെത്താൻ തന്നെ ഏറെ സമയം എടുത്തു. സ്കൂബാ ഡൈവിംഗ് സംഘത്തിന് വെള്ളത്തിന് അടിയിലെ വാഹനത്തിന് അടുത്തെത്താൻ കഴിഞ്ഞതുമില്ല. ലോറി കൂടുതൽ ആഴത്തിലേക്ക് നീങ്ങുകയും ചെയ്തു.
ഇതിനിടയിൽ നിരന്തര ശ്രമത്തിനൊടുപ്പിൽ സ്കൂബാ ഡൈവിംഗ് സംഘം ലോറിയുടെ ഷാസിയിൽ റോപ്പ് ഉറപ്പിച്ചു. പിന്നീട് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ലോറി ഉയർത്തുകയായിരുന്നു.